പിണറായി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇ-മൊബിലിറ്റി പദ്ധതിയിൽ വൻ അഴിമതിക്ക് നീക്കമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 3,000 ഇലക്ട്രിക് ബസുകൾ 4,500 കോടി രൂപയ്ക്ക് വാങ്ങാനായിരുന്നു പദ്ധതി. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കന്പനിക്കാണ് കരാർ നൽകിയത്. ഇതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് കരാർ നൽകിയത്. ടെണ്ടർ വിളിക്കാതെയും ഷോട്ട്ലിസ്റ്റ് ചെയ്യാതെയുമാണ് കരാർ കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. 2019 ആഗസ്റ്റ് ഏഴിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് കരാർ നൽകാൻ തീരുമാനിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. സെബി 2018 മാർച്ച് 31ന് രണ്ടു വർഷത്തേയ്ക്ക് നിരോധിച്ച കന്പനിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ കന്പനിക്കെതിരെ രാജ്യത്ത് നിയമ നടപടികൾ നടക്കുന്നുണ്ട്. സത്യം കുംഭകോണം അടക്കം ഒൻപതു കേസുകൾ ഈ കന്പനി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റീസ് എ.പി. ഷാ കന്പനിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ ഇക്കാര്യം ചുണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സിബിഐ ഡയറക്ടർക്കും ആർബിഐ ഗവർണർക്കും കത്ത് നൽകിയിരുന്നു. പ്രശാന്ത് ഭൂഷനും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലണ്ടൻ കന്പനിയോട് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര താൽപര്യമെന്നും ചെന്നിത്തല ചോദിച്ചു. കരാർ നൽകിയത് ഗതാഗത മന്ത്രി അറിഞ്ഞിരുന്നോ, സെബി നിരോധിച്ച കന്പനിക്ക് എന്തിന് മൂന്ന് കരാർ നൽകി, കരാർ നൽകിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തുടങ്ങിയ ചോദ്യങ്ങളും രമേശ് ചെന്നിത്തല ഉന്നയിച്ചു. 2017 മുതൽ കേരളം കന്പനിക്ക് കരാർ നൽകുന്നുണ്ട്. ഇ-ബസ് നിർമാണ കണ്സൾട്ടൻസി കരാർ ഉടൻ റദ്ദാക്കണമെന്നും കരാറിനായി മുൻകൈ എടുത്തവർക്കെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

