മറ്റു സംസ്ഥാനങ്ങളിൽ വിവാഹത്തിനു പോകാൻ കളക്ടറുടെ പാസ് നിർബന്ധം
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ വിവാഹചടങ്ങുകൾക്കായി പോകുന്നവർ ജില്ലാ കളക്ടറിൽനിന്നു പാസ് വാങ്ങണം. പോകുന്ന സംസ്ഥാനത്തെ പാസും നിർബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവർക്കു മാത്രമായിരിക്കും ജില്ലകളിൽനിന്നു പാസ് അനുവദിക്കുക. വിവാഹസംഘം ആളകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കണം ചടങ്ങിൽ പങ്കെടുക്കേണ്ടത്.
വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങൾ സന്ദർശിക്കരുത്. മറ്റു സംസ്ഥാനത്തു കഴിഞ്ഞിരുന്നവർ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്കു വരികയാണെങ്കിൽ 14 ദിവസം ക്വാറന്ൈറനിൽ കഴിയണം. വധൂവരൻമാർക്കും ഈ നിബന്ധന ബാധകമാണ്. ഇവിടെനിന്നു പോകുന്നവർ രാത്രി തങ്ങിയശേഷം അടുത്ത ദിവസമാണു മടങ്ങുന്നതെങ്കിൽ ക്വാറന്റൈനിൽ കഴിയണം. മറ്റു സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിലാണു വിവാഹ ചടങ്ങെങ്കിൽ അനുമതി നൽകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

