തിരുവനന്തപുരം മൃഗശാലയിലെ അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം 'ശംഭു' ഓർമ്മയായി
ഷീബ വിജയൻ
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ശംഭു (39) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിടവാങ്ങി. ജാദു എന്ന് ഔദ്യോഗിക നാമമുള്ള ഈ കാണ്ടാമൃഗത്തെ 'ശംഭു' എന്നാണ് അധികൃതരും ജീവനക്കാരും സന്ദർശകരും സ്നേഹത്തോടെ വിളിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
1993 മേയ് 19-നാണ് അസമിലെ ഗുവാഹത്തിയിലുള്ള അസം സ്റ്റേറ്റ് സുവോളജിക്കൽ പാർക്കിൽ നിന്ന് ശംഭുവിനെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി തലസ്ഥാനത്തെ മൃഗശാലയിൽ എത്തുന്ന സന്ദർശകരുടെ മനംകവർന്ന സാന്നിധ്യമായിരുന്നു ഇത്. മുൻപുണ്ടായിരുന്ന കാണ്ടാമൃഗം 2008-ൽ ചത്തതിനെ തുടർന്നാണ് ശംഭു ഇവിടെ ഒറ്റയ്ക്കാകുന്നത്. ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ശരാശരി ആയുസ്സ് 35 മുതൽ 40 വർഷം വരെയാണെന്ന് അധികൃതർ വ്യക്തമാക്കി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രത്യേക ചികിത്സയിലായിരുന്നു. വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ പത്തോളജിസ്റ്റ് ഡോ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ മൃഗശാല വളപ്പിൽ തന്നെ മൃതദേഹം സംസ്കരിച്ചു.
acssdss

