സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് ഇല്ല: ഏഴ് പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസത്തിന്‍റെ ദിനം. ആർക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേർക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയത്ത് ആറ് പേർക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് അസുഖം ഭേദമായത്.
നിലവിൽ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് 30 പേരാണ് ചികിത്സയിലുള്ളത്. 502 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതിൽ 268 പേർ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാന്പിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാന്പിളുകളാണ്. സംസ്ഥാനത്തെ 6 ജില്ലകളിൽ മാത്രമാണ് നിലവിൽ കൊവിഡ് രോഗികളുള്ളത്. 8 ജില്ലകൾ കൊവിഡ് മുക്തമായി. പുതിയ ഹോട്ട് സ്പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്.
മുൻഗണനാ ഗ്രൂപ്പിലെ 2947 സാന്പിളുകൾ ശേഖരിച്ചത് 2147 എണ്ണം നെഗറ്റീവായി. നമ്മുടെ സംസ്ഥാനത്ത് ആറ് ജില്ലകളിൽ മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കണ്ണൂരിൽ 18 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കൊവിഡ് മുക്തമായി എട്ട് ജില്ലകളുണ്ട്. പുതുതായി ഇന്ന് ഹോട്ട്സ്പോട്ടുകളില്ല. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.

