ലോറി ഇടിച്ച് ബൈക്കുയാത്രികൻ മരിച്ചു
മരട്: കുണ്ടന്നൂർ-തേവര പാലത്തിൽ ലോറിയിടിച്ച് ബൈക്കുയാത്രികൻ തൽക്ഷണം മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ധനരാജ് (39) ആണ് മരിച്ചത്. പള്ളുരുത്തിയിൽ സ്ഥിരതാമസക്കാരനായ ധനരാജ് ഓടിച്ചിരുന്ന ബൈക്കിൽ തെറ്റായ ദിശയിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു. തേവര പാലത്തിന്‍റെ കുണ്ടന്നൂർ ഭാഗത്തായിരുന്നു അപകടം. ബൈക്കിന്‍റെ മുൻഭാഗം തകർന്ന നിലയിലാണ്. ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും ഇടിയുടെ ആഘാതത്തിൽ തല തകർന്ന് തലച്ചോർ പുറത്തുചാടിയ നിലയിലായിരുന്നു. ധനരാജ് സംഭവസ്ഥലത്തു തന്നെ മരിച്ചു. തവണ വ്യവസ്ഥയിൽ സാധനങ്ങൾ വില്പന നടത്തിവന്നിരുന്ന ധനരാജ് വെളുപ്പിന് തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്നു.

