കോംഗോയിൽ യാത്രാവിമാനം വീടുകൾക്കു മേൽ തകർന്നുവീണ് 24 പേർ മരിച്ചു
ഗോമ: കിഴക്കൻ ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ യാത്രാവിമാനം വീടുകൾക്കു മേൽ തകർന്നുവീണ് 24 പേർ മരിച്ചു. നോർത്ത് കിവുവിൽ ജനവാസ മേഖലയിലാണു വിമാനം തകർന്നുവീണത്. നോർത്ത് കിവു വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ഉടൻ വിമാനം കാണാതാവുകയും കുറച്ചു സമയത്തിനുശേഷം സമീപത്തെ ജനവാസകേന്ദ്രത്തിൽ തകർന്നു വീഴുകയുമായിരുന്നു. വിമാനത്തിൽ 17 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വീടുകൾ തകർന്നു കൊല്ലപ്പെട്ടവരിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ഉൾപ്പെടുന്നു. നോർത്ത് കിവുവിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ഗോമയിലെ ബേനിയിലേക്കു പോവുകയായിരുന്ന ബസി ബീയുടെ ഉടമസ്ഥതയിലുള്ള ഡോർണിയർ 228 ഇരട്ട എഞ്ചിൻ വിമാനമാണു തകർന്നത്.

