ഷഹലയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം
സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂൾ വിദ്യാർത്ഥി ഷഹലയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. മാനന്തവാടി എ.സി.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികൾക്കെതിരെ ചുമത്തിയത് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂർവ്വമല്ലാത്ത നരഹത്യാ കുറ്റവുമാണ്. കുട്ടി മരിച്ച സംഭവത്തിൽ ഇന്നലെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, അധ്യാപകൻ ഷിജിൽ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ എന്നിവരാണ് പ്രതികൾ.
പ്രിൻസിപ്പാളിനെയും വൈസ് പ്രിൻസിപ്പാളിനെയും സസ്പെൻഡ് ചെയ്യുകയും സ്‍കൂളിന്‍റെ പിടിഎ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പിരിച്ചുവിടുകയും ചെയ്‍തിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ എ.കെ കരുണാകരൻ, ഹൈസ്‍കൂളിന്‍റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പാൾ കെ.കെ മോഹനൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകൻ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് പാന്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷിജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

