കേരള സർവ്വകലാശാലയിലെ 12 പരീക്ഷകളിൽ കൃത്രിമം നടന്നതായി കണ്ടെത്തി
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ 12 പരീക്ഷകളിൽ കൃത്രിമം നടന്നതായി കണ്ടെത്തി. 2017 ജൂൺ ഒന്നുമുതൽ നടന്ന പരീക്ഷകളിലാണ് ക്രമക്കേട് കണ്ടുപിടിച്ചത്. തൊഴിലധിഷ്ടിത ബിരുദ കോഴ്സുകളിലെ 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥലം മാറ്റുപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡി ഉപയോഗിച്ചു കൃത്രിമം നടന്നതായും കണ്ടെത്തി. സംഭവത്തിൽ മൂന്നംഗ സംഘം പരിശോധന നടത്തും.
നിശ്ചയിച്ച മോഡറേഷനുകളേക്കാൾ കൂടുതൽ മാർക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേപരീക്ഷയിൽ തന്നെ പലതവണ മാർക്ക് തിരുത്തിയതായി തെളിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആഭ്യന്തര അന്വേഷണം പൂർണതോതിൽ നടത്താനാണ് സർവ്വകലാശാലയുടെ തീരുമാനം.
ഇതിനായി വിദഗ്ദ്ധരടങ്ങുന്ന മൂന്നംഗം സമിതി ഇക്കാര്യങ്ങളിൽ വിശദപരിശോധന നടത്തും. ആരൊക്കെയാണ് തട്ടിപ്പിന് പിന്നിൽ, എന്തായിരുന്നു ലക്ഷ്യം, ആർക്ക് വേണ്ടിയായിരുന്നു, എത്രകുട്ടികൾക്ക് ഇതിന്റെ ഗുണഫലം കിട്ടി തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. വിദഗ്ദ്ധ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് 22ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും. ഈ യോഗത്തിലാകും കൂടുതൽ നടപടികൾ ചർച്ച ചെയ്യുക.

