ഔദ്യോഗിക കാറിന് 1,24,075 കിലോമീറ്ററിൽ 34 ടയർ; കെട്ടടങ്ങാതെ മന്ത്രിയുടെ ടയർ വിവാദം
മന്ത്രി എം.എം. മണി ഉപയോഗിക്കുന്ന ഔദ്യോഗിക കാറിന് (കെ.എൽ.-01-സി.ബി.-8340) 34 ടയറുകൾ മാറ്റിയെന്ന് വിവരാവകാശ രേഖ. കൊച്ചി കാക്കനാട് ഇൻഫോപാർക്കിലെ ജീവനക്കാരനായ ധനരാജ് എസ്. പിള്ളയ്ക്ക് ടൂറിസം വകുപ്പ് നൽകിയ വിവരാവകാശരേഖയിലാണ് ഇക്കാര്യം അറിയിച്ചത്. പത്തു തവണയായാണ് 34 ടയറുകൾ മാറ്റിയത്.
ഇദ്ദേഹം വിവരാവകാശത്തിന്റെ അടിസ്ഥാനത്തിൽ ചോദിച്ച ചോദ്യത്തിനു ലഭിച്ച മറുപടിയും പിന്നീട് മന്ത്രിയുടെ വിശദീകരണവും വിവാദമായിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികൾ വിഷയം ഏറ്റെടുത്തതോടെ മന്ത്രിതന്നെ ഫെയ്സ്ബുക്കിൽ വിശദീകരണം നൽകി. 'കാർ ഓടിയത് 1,24,075 കിലോമീറ്ററാണ്. ഇതിൽ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ സമയത്ത് ഓടിയെത്താൻ അത്യാവശ്യം വേഗത്തിൽ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ്സ് കുറയും. എന്നിട്ടും 14,597 കിലോമീറ്റർ ടയറുകൾക്ക് ആയുസ്സ് കിട്ടിയിട്ടുണ്ട്'- എന്നായിരുന്നു മന്ത്രി മണിയുടെ വിശദീകരണം. എന്നാൽ, മന്ത്രി പുറത്തുവിട്ട കണക്ക് വിശ്വാസയോഗ്യമല്ലെന്നു ധനരാജ് ആരോപിച്ചു.
എംഎം മണിയുടെ കുറിപ്പ്:
"വിവരാവകാശത്തില്‍ കിട്ടിയ ഒരു ടയര്‍ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ… ട്രോളന്‍മാര്‍ ട്രോളട്ടെ … തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.
എന്നാല്‍ അത് നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്‌ബോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നി. എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB – 8340 ) ടയര്‍ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്. ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ ആകെ എത്ര ദൂരം ഓടി , എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.
സാധാരണ റോഡുകളില്‍ ഓടുമ്‌ബോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്.
ഈ കാര്‍ ഈ കാലയളവില്‍ ആകെ ഓടിയത് 1,24,075 കി.മീ. യാണ് . ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ സമയത്ത് ഓടിയെത്താന്‍ അത്യാവശ്യം വേഗത്തില്‍ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്ക് കിട്ടിയിട്ടുണ്ട്".
മന്ത്രിയുടെ വണ്ടിയുടെ ടയര്‍ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസില്‍ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയര്‍ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത്. അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകള്‍ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയര്‍ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കില്‍ അവര്‍ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു. കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.

