മലയാളി ശാസ്ത്രജ്ഞന്റെ മരണം; ഒരാൾ അറസ്റ്റിൽ
ഹൈദരാബാദ്: ഹൈദരാബാദിലെ അമീര്‍പേട്ടില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാറിന്റെ (56) മരണത്തിൽ ഒരാൾ അറസ്റ്റിൽ. മരണം കൊലപാതകമെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട്, സമീപത്തെ ഒരു സ്വകാര്യ ലബോറട്ടറിയിലെ ടെക്നീഷ്യൻ ജെ. ശ്രീനിവാസിനെ (39) അറസ്റ്റുചെയ്തത്. സ്വവർഗരതിക്കു ശേഷം പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തൃശ്ശൂർ സ്വദേശിയായ സുരേഷിനെ ചൊവ്വാഴ്ചയാണ് അമീർപേട്ടിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അമ്പത്തിയാറുകാരനായ ഇദ്ദേഹം 20 വർഷമായി എൻ.ആർ.എസ്.എ.യിൽ ജോലിചെയ്യുകയായിരുന്നു. ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുരേഷിനെ ഫോണിൽ വിളിച്ചിട്ടും കിട്ടാഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷിന്റെ കുടുംബം ചെന്നൈയിലാണ്. ലാബിൽ രക്തപരിശോധനയ്ക്കെത്തിയപ്പോഴാണ് പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ സുരേഷിന്റെ ഫ്ലാറ്റിലെത്തുന്നത് പതിവായി. വേഴ്ചയ്ക്ക് പ്രതിഫലമായി പണം പ്രതീക്ഷിച്ചിരുന്ന പ്രതി, അതു ലഭിക്കാതെവന്നപ്പോൾ സുരേഷിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ ഒന്നിന് സുരേഷിന്റെ ഫ്ലാറ്റിലെത്തിയ പ്രതി പണം ആവശ്യപ്പെട്ടു. തുടർന്നുണ്ടായ വാക്‌തർക്കത്തിനിടെ സുരേഷിനെ കത്തികൊണ്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

