പേമാരി: 58 പേർക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: അഞ്ച് ദിവസം നീണ്ടു നിന്ന പേമാരി അവസാനിച്ചിട്ടും സംസ്ഥാനത്ത് ദുരിതബാധിതർക്ക് വീട്ടിലേക്ക് തിരിച്ചു പോകാനാവുന്നില്ല. ക്യമ്പുകളിൽ കഴിയുന്നവരുടെ എണ്ണം 2.61 ലക്ഷമായി. ഇന്നലെ ക്യാമ്പുകളിൽ ഉള്ളവരുടെ എണ്ണം രണ്ടരലക്ഷമായിരുന്നു.
വെള്ളപ്പൊക്കത്തിലും പേമാരിയിലും ഇതുവരെ 72 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 58 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ 50 പേർക്കായി കവളപ്പാറയിലും 7 പേർക്കായി വയനാട്ടിലും തിരച്ചിൽ തുടരുന്നു. കോട്ടയത്തും ഒരാളെ പ്രളയത്തിൽ കാണാതായിട്ടുണ്ട്. വയനാട്ടിലും മലപ്പുറത്തും കാണാനില്ലാത്തവരുടെ സംഖ്യയിൽ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്.
നിലവിൽ സംസ്ഥാനത്താകെ 1639 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2966 വീടുകൾ ഭാഗികമായും 286 വീടുകൾ പൂർണമായും പ്രളയത്തിൽ തകർന്നു. പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത് മലപ്പുറം ജില്ലയിലാണ്. 23 പേരാണ് പ്രളയത്തിൽ മലപ്പുറം ജില്ലയിൽ മരിച്ചത്.
50 പേരെ ഇനിയും കണ്ടെത്താനുണ്ട്. മലപ്പുറത്താണ് − 232 ക്യാമ്പുകളിലായി 15197 കുടുംബങ്ങളിലെ 55720 പേർ ദുരിതബാധിതരായി കഴിയുന്നു. 456 വീടുകൾ ഭാഗീകമായും 65 വീടുകൾ പൂർണമായും തകർന്നു. രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്.
കോഴിക്കോട്ട് 317 ക്യാമ്പുകളിലായി 18024 കുടുംബങ്ങളിലെ 58317 പേർ കഴിയുന്നു. 154 പേർ ഭാഗികമായും 3 വീടുകൾ പൂർണമായും പ്രളയത്തിൽ തകർന്നു. 17 പേർ മരണപ്പെട്ടു. വയനാട്ടിൽ 214 ക്യാമ്പുകളിലായി 10379 കുടുംബങ്ങളിലെ 37395 പേർ കഴിയുന്നു. 30 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും ദുരന്തത്തിൽ തകർന്നു. ഒന്‍പത് പേർ പ്രളയത്തിനിടെ പരിക്കേറ്റ് ചികിത്സയിലാണ്. കാണാതായ ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. 12 പേർ ജില്ലയിൽ ഇതുവരെ മരണപ്പെട്ടു.

