കൂടുതൽ ദുരന്തനിവാരണ സേന സംസ്ഥാനത്തെത്തും: ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: മലബാർ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ.ഡി.ആർ.എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടു. നിലന്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ നേരത്ത അയച്ചിരുന്നു. ആവശ്യപ്പെട്ട പത്തിൽ‍ ഏഴു ടീമിനെ കൂടി ഇന്നു വൈകിട്ട് ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 

തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ സെന്‍റർ പ്രവർത്തന സജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാൻ അവിടെ പോലീസ്, ഫയർഫോഴ്സ്, റവന്യൂ, എൻ.ഡി.ആർ.എഫ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചു. 

വയനാട്, മലപ്പുറം ജില്ലകളിലേക്ക് കൂടുതൽ ഫയർ ആന്‍റ് റസ്ക്യൂ സേനയെ അയച്ചു. 

ഇന്നത്തെ കണക്കനുസരിച്ച് 1,385 പേർ ദുരിതാശ്വാസ ക്യാന്പിലുണ്ട്. വയനാട്ടിലാണ് ഏറ്റവും അധികം ക്യാന്പുകൾ തുറന്നത്. 35 എണ്ണം. ഇടുക്കി അണക്കെട്ടിൽ വെള്ളം കുറവായതിനാൽ‍ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽ‍കി. ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാറി താമസിക്കാൻ‍ ജനങ്ങൾ സഹകരിക്കണമെന്നു മുഖ്യമന്ത്രി അഭ്യർത്‍ഥിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed