ശ്രീറാം വെങ്കിട്ടരാമനെ പോലീസ് കസ്റ്റഡിയിൽ വിടില്ല; കേസ് ഡയറി ഉടൻ ഹാജരാക്കണമെന്ന് കോടതി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ബഷീറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. ഇന്ന് രണ്ടര മണിയ്ക്കുള്ളിൽ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ശ്രീറാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ നിർദ്ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമനെ ജേക്കബ് തോമസിനെപ്പോലെയാക്കരുതെന്ന് ശ്രീറാമിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ശ്രീറാമിന്‍റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. ശ്രീരാമിന് നട്ടല്ലിനും തലയ്ക്കും പരുക്കുണ്ട്. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ശ്രീരാമിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ നിയമലംഘനം ന്യായീകരിക്കാനാവില്ലെന്ന് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു. മാധ്യമ പ്രവർത്തകനെയല്ല ആരെ ഇടിച്ചാലും ഇതേ നിലപാടാണ് ഉള്ളതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കേസ് ഡയറി പരിശോധിച്ച ശേഷം ജാമ്യാപേക്ഷയിൽ തീരുമാനം പറയാമെന്ന് കോടതി വ്യക്തമാക്കി. വഫ ഫിറോസിന്‍റെ രഹസ്യമൊഴി പുറത്തുപോയതിനെ കോടതി വിമർശിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ചോരരുതെന്ന നിർദ്ദേശത്തോടെ തന്ന മൊഴി എങ്ങനെ ചേർന്നുവെന്നും കോടതി ചോദിച്ചു.

