ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കുന്ന ബില്ലുകളിൽ നിയമോപദേശം തേടി കേന്ദ്രം


ന്യൂഡൽഹി: ജമ്മു കശ്മീരിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങൾ നൽകുന്ന അനുച്ഛേദങ്ങൾ പിൻവലിക്കാനുള്ള ബില്ലുകളിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടി. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന 370, സംസ്ഥാനത്തെ സ്ഥിരം പൗരൻമാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ എന്നീ ഭരണഘടനാ അനുച്ഛേദങ്ങൾ എടുത്തു കളയാനുള്ള ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിലാണ് കേന്ദ്രസർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്. 
ഭരണഘടനയുടെ അനുച്ഛേദങ്ങളായതിനാൽത്തന്നെ ലോക്സഭയിലും രാജ്യസഭയിലും ബില്ല് വെറുതെ പാസ്സായാൽ പോര. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കിയാലേ ഇത് നിയമമാകൂ. ജമ്മു കശ്മീരിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തിൽ അതിന് മുമ്പ് ഈ ബില്ലുകൾ പാസ്സാക്കി ശക്തമായ ഒരു രാഷ്ട്രീയസന്ദേശം നൽകാൻ ബിജെപി ശ്രമിക്കും. പാർലമെന്‍റ് ഇനി മൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ഇതിന് മുമ്പ്, ബില്ലുകൾ ലോക്സഭയിലെങ്കിലും അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാൻ കഴിയുമോ എന്നാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. രാജ്യസഭയിൽ നിലവിലെ ഭൂരിപക്ഷം വച്ച് കേന്ദ്രസർക്കാരിന് ഈ ബില്ല് പാസ്സാക്കാനാകില്ല. 
എന്നാൽ അത്തരത്തിൽ ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളെക്കുറിച്ചറിയില്ല എന്നാണ് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് വ്യക്തമാക്കുന്നത്. ജമ്മു കശ്മീരിൽ തീവ്രവാദഭീഷണികളുണ്ട്. അതിർത്തിയിൽ നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. അമർനാഥ് യാത്രയ്ക്ക് നേരെ തീവ്രവാദഭീഷണികളുണ്ടായിരുന്നു. അതിനാലാണ് സൈനികവിന്യാസം ഏർപ്പെടുത്തുന്നതെന്നും സുരക്ഷ കർശനമാക്കുന്നതെന്നും വിനോദ സഞ്ചാരികളോട് അടക്കം തിരികെ പോകാൻ നിർദേശിച്ചതെന്നും ഗവർണർ വ്യക്തമാക്കി. ജനങ്ങൾ ശാന്തത പാലിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed