കാനത്തിനെതിരെ പോസ്റ്റർ പതിച്ച എ.ഐ.വൈ.എഫ് നേതാക്കൾ പിടിയിൽ
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററൊട്ടിച്ചത് സ്വന്തം പാർട്ടിയിലുള്ളവർ തന്നെയാണെന്ന് വ്യക്തമായി. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ധലം കമ്മിറ്റി അംഗം ഷിജു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട കിസാൻ സഭാ മണ്ധലം പ്രസിഡണ്ട് കൃഷ്ണകുമാർ ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
എൽദോ എബ്രഹാം എം.എൽ.എയെയും മറ്റ് സി.പി.ഐ നേതാക്കളെയും എറണാകുളത്ത് പോലീസ് മർദ്ദിച്ച സംഭവത്തെ പാർട്ടി സെക്രട്ടറി ന്യായീകരിച്ചതിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ പതിച്ചതെന്ന് അറസ്റ്റിലായ യുവനേതാക്കൾ പോലീസിനോട് പറഞ്ഞു. ഇവർ എത്തിയ കാർ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുന്നപ്ര സ്വദേശിയുടെ കാറിൽ എത്തിയാണ് ഇവർ പോസ്റ്റർ പതിച്ചത്. ഇയാൾ കാർ വാടകയ്ക്ക് നൽകുന്നയാളാണ്. ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് യുവനേതാക്കൾ അറസ്റ്റ് ചെയ്തത്.

