കർദ്ദിനാളിനെതിരായ വിമത വൈദികരുടെ സമരം അവസാനിപ്പിച്ചു
കൊച്ചി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായി ഒരു വിഭാഗം വൈദികർ നടത്തുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, ഓഗസ്റ്റിൽ നടക്കുന്ന മെത്രാൻ സിനഡിന്‍റെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്പെൻഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂർണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയവ ആവശ്യങഅങൾ ഉന്നയിച്ചായിരുന്നുവൈദികരുടെ സമരം.
വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചർച്ചയ്‍ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രാന്മാരുടെ സസ്പെൻഷൻ പിൻവലിക്കാൻ ഇടപെടുമെന്ന് സിനഡ് വൈദികർക്ക് ഉറപ്പ് നൽകി. വ്യാജരേഖാ കേസിൽ പീഡിപ്പിക്കുന്നെന്ന പരാതിയിലും ഇടപെടും. അടുത്തമാസം ചേരുന്ന പൂർണ സിനഡ് കർദ്ദിനാളിനെതിരായ മറ്റ് പരാതികൾ ചർച്ച ചെയ്യും.
വൈദിക പ്രതിഷേധം അവസാനിപ്പിക്കാൻ സമരം ചെയ്യുന്നവരുടെ പ്രതിനിധികളായ ഒന്പത് വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് ഇന്നലെ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇന്നലെ നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ വന്നതിനെ തുടർന്ന് ഇന്ന് വീണ്ടും നടത്തിയ ചർച്ചയിലാണ് വൈദികർ സമരം അവസാനിപ്പാക്കമെന്ന് അറിയിച്ചത്.

