മുഖ്യമന്ത്രിയുടേത് ക്രിമിനൽ പശ്ചാത്തലം; ആയുധം താഴെവയ്ക്കാൻ അദ്ദേഹം പറയില്ല
കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രി വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് ആയുധം താഴെ വെക്കാൻ പറയാൻ കഴിയില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കേരള സർവ്വകലാശാല കൗമാര കുറ്റവാളികളെ വളർത്തുന്ന കേന്ദ്രമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പി.എസ്.സിയിലെ പിൻവാതിൽ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്. ഒന്നാം പ്രതിയുടെ വീട് പി.എ.സ്.സി യുടെ പ്രദേശിക ഓഫീസ് പോലെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നെടുങ്കണ്ടത്ത് കസ്റ്റഡി മർദ്ദനത്തെത്തുടർന്ന് മരിച്ച രാജ്‍കുമാറിന്റെ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം സമ്മതിച്ചിരിക്കുകയാണ്. സി.ഒ.ടി നസീർ വധശ്രമക്കേസിൽ ആരോപണ വിധേയനായ ഷംസീർ എം.എൽ.എയെ ചോദ്യം ചെയ്യാത്ത് എന്തുകൊണ്ടാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു .കേസിൽ പ്രാഥമിക നടപടികൾ പോലും പോലീസ് പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

