രമ്യ ഹരിദാസ് എംപിക്ക് 14 ലക്ഷത്തിന്റെ കാർ
പാലക്കാട്: ആലത്തൂർ എം.പി രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ്സിന്റെ സമ്മാനം. രമ്യയ്ക്ക് വാഹനം വാങ്ങി നൽകാനാണ് തീരുമാനം. ആഗസ്റ്റ് 9ന് വടക്കഞ്ചേരി മന്ദം മൈതാനിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോൽ കൈമാറും. രമ്യയ്ക്ക് സഞ്ചരിക്കാൻ വാഹനം വാങ്ങി നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. അനിൽ അക്കര എം.എൽ.എ ഉൾപ്പെടെയുളളവരുടെ പിന്തുണയുണ്ട്. കാറിന് പതിനാലു ലക്ഷം രൂപയാണ് വില. ഇതിനായി കൂപ്പൺ പിരിവിലൂടെ പണം കണ്ടെത്തും. പൊതുജനങ്ങളിൽ നിന്ന് പിരിക്കാതെ യൂത്തു കോൺഗ്രസ്സിൽ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. ഒരു നിയോജക മണ്ധലത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം ഒരാഴ്ചയ്ക്കുളളിൽ പിരിച്ചെടുക്കാനാണ് തീരുമാനമെന്നും 1400 കൂപ്പൺ അച്ചടിച്ചതായും യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി പ്രസിഡണ്ട് പാളയം പ്രദീപ് അറിയിച്ചു.
എന്നാൽ, പണിപ്പിരിവ് ആരംഭിച്ചതിന് പിന്നാലെ തന്നെ വിവാദവും തലപൊക്കി. എം.പി എന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷം രൂപ ശന്പളവും അലവൻസും അടക്കം ലഭിക്കുന്പോൾ കാർ വാങ്ങാൻ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നത്. എന്നാൽ, വിവാദങ്ങൾക്കെല്ലാം മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് ആലത്തൂർ യൂത്ത് കോണ്‍ഗ്രസ് പാർലമെന്റ് കമ്മിറ്റി.
ആലത്തൂർ എന്ന കോട്ട പിടിച്ചടക്കിയ ഞങ്ങളുടെ എംപിക്ക് ഒരു വാഹനം വാങ്ങി നൽകുന്നതിൽ എന്താണ് പ്രശ്‌നമെന്നാണ് പാളയം പ്രദീപ് ചോദിക്കുന്നത്. ‘ജനങ്ങൾക്കും കോൺഗ്രസ്സിനും യൂത്ത് കോൺഗ്രസ്സിനും ഇവിടെ ഒരു എതിർപ്പുമില്ല. ഒരു ഘടകവും എതിർപ്പ് പറയത്തുമില്ല. രമ്യ ഹരിദാസിന്റെ വളർച്ചയിൽ അസൂയ പൂണ്ടവരാണ് വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ. പാർലമെന്റ് കമ്മിറ്റി എടുത്ത തീരുമാനം സുതാര്യമായാണ് ചെയ്യുന്നത്. ഒരു സർപ്രൈസ് പോലെ എം.പിക്ക് കാർ വാങ്ങി നൽകാൻ ആയിരുന്നു തീരുമാനിച്ചത്. 1400 ലീഫ് ആണ് അച്ചടിച്ചിരിക്കുന്നത്. 1000 രൂപ അക്കത്തിലും അക്ഷരത്തിലും എഴുതി സീൽ പതിച്ചാണ് നൽകിയിരിക്കുന്ന’തെന്നും പ്രദീപ് വ്യക്തമാക്കി.
മഹീന്ദ്രയുടെ മരാസോ എന്ന കാർ ഇതിനകം രമ്യ ഹരിദാസിന് വേണ്ടി യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി ബുക്ക് ചെയ്ത് കഴിഞ്ഞതായും പാളയം പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ടോപ് മോഡലിന് ഏകദേശം 14 ലക്ഷം രൂപയാണ് ഈ കാറിന് കേരളത്തിലെ വില.

