സാജനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ


കൊച്ചി: ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകൻ സാജൻ പാറയിൽ കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ചതാണ് കൺവൻഷൻ സെന്ററിനു പ്രവർത്തനാനുമതി നിഷേധിക്കാൻ കാരണമെന്ന് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം. തന്റെ ബിസിനസ്സ് സംരംഭത്തെ തകർത്തതിൽ മനംനൊന്ത് പ്രവാസി സംരംഭകൻ സാജൻആത്മഹത്യ ചെയ്ത സംഭവത്തിൽ  പത്രമാധ്യമങ്ങളിൽ വന്ന വാർത്തയുടെ പശ്ചാത്തലത്തിൽ കോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് സർക്കാരിന്റെ സത്യവാങ്മൂലം. ആന്തൂർ നഗരസഭയുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് സർക്കാർ വിശദീകരണം നൽകി.
സ്ഥലപരിശോധന കൂടാതെയാണ്  കെട്ടിട നിർമാണത്തിനുള്ള പ്ലാൻ തയാറാക്കിയത്. ജനങ്ങൾ കൂടുന്ന സ്ഥലമായതിനാലാണ് സർക്കാർ ജാഗ്രതയോടെ പ്രവർത്തിച്ചത്. സാജന്റെ മരണ ശേഷം ചീഫ് ടൗൺപ്ലാനർ ഒരു സംഘത്തെ പരിശോധനകൾക്കായി നിയോഗിച്ചിരുന്നു. ഇവരുടെ കണ്ടെത്തൽ പ്രകാരം സാജൻ കെട്ടിട നിർമാണ ചട്ടം ലംഘിക്കുകയും അനുമതിയില്ലാതെ പ്ലാനിൽ മാറ്റം വരുത്തുകയും ചെയ്തു. നേരത്തെ പ്ലാൻ അംഗീകരിച്ചതു തന്നെ രണ്ടു തവണ മാറ്റങ്ങൾ വരുത്തിയാണ്. 
കെട്ടിടത്തിന്റെ നിർമാണ ഘടന കോൺക്രീറ്റിൽ നിന്ന് സ്റ്റീൽ ആക്കി മാറ്റിയതാണ് പ്രധാന ചട്ടലംഘനം. കോൺക്രീറ്റ് തൂണുകൾക്കും സ്ലാബുകൾക്കും പകരം ഉരുക്കു തൂണുകളും ഷീറ്റുകളും ഉപയോഗിച്ചു. ഇതെല്ലാം കൊണ്ടാണ് അനുമതി വൈകിപ്പിച്ചത്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed