കർണാടകയിൽ എം.എല്‍.എമാര്‍ക്കെല്ലാം വിപ്പ് ബാധകമെന്ന് സ്പീക്കര്‍


ബെംഗളൂരു: കർണാടകയിൽ  നിർണായക നിയമസഭാ സമ്മേളനം ആരംഭിച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർക്കെല്ലാം വിപ്പ് ബാധകമായിരിക്കുമെന്ന് സ്പീക്കർ രമേഷ്കുമാർ വ്യക്തമാക്കി. ഇതോടെ വിമത എംഎൽഎമാർ വിപ്പ് ലംഘിക്കുന്ന പക്ഷം സ്പീക്കർ അവരെ അയോഗ്യരാക്കാനാണ് സാധ്യത.
വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ 15 വിമത എംഎൽഎമാർ ഇന്ന് സഭയിൽ എത്തിയിട്ടില്ല. ഇവരെ കൂടാതെ കഴിഞ്ഞ ദിവസം കോൺഗ്രസ് ക്യാമ്പിൽ നിന്ന് കടന്ന ശ്രീമന്ത് പാട്ടീലും ബിഎസ്പി എംഎൽഎ എൻ.മഹേഷും സഭയിലെത്തിയിട്ടില്ല. ശ്രീമന്ത് പാട്ടീൽ നെഞ്ചു വേദനയെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് സൂചന. അതേ സമയം വിമതർക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡി സഭയിലെത്തിയിട്ടുണ്ട്.
സഭ ചേർന്നയുടൻ മുഖ്യമന്ത്രി കുമാരസ്വാമി ഒറ്റവരി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ തനിക്ക് സാധിക്കും. കോടതിക്കെതിരെ ഒരു വാക്ക് പോലും ഞാൻ പറയില്ല. സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഏത് വെല്ലുവിളി നേരിടാനും തയ്യാറാണ്.
വിമതർ പറയുന്ന കാര്യങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. ബിജെപിയാണ് അവർക്ക് പിന്നിൽ. കുതിരക്കച്ചവടമാണ് നടന്നത്. പ്രധാനമന്ത്രിയുടെ നിർദേശം ഇതിന് പിന്നിലുണ്ട്. സഖ്യ സർക്കാരിനെ താഴെയിറക്കുമെന്ന് അദ്ദേഹം പറഞ്ഞതാണെന്നും കുമാരസ്വാമി പറഞ്ഞു. സഖ്യം നിലനിൽക്കുന്നുണ്ടോ എന്നതിനേക്കാൾ പ്രധാനം ഇതിലെ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരിക എന്നതിലാണ്. ജനാധിപത്യത്തിൽ വിള്ളൽ വീഴ്ത്തുന്ന ഈ ഗൂഢാലോചന ചർച്ച ചെയ്യപ്പെടേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിൽ സ്പീക്കർ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് എല്ലാ എംഎൽഎമാർക്കും വിപ്പ് ബാധകമായിരിക്കുമെന്ന് സ്പീക്കർ അറിയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed