ശബരിമല: പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയം കൈകാര്യം ചെയ്തതതിൽ പോലീസിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പാളിച്ച പോലീസിന് ഉണ്ടായെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
'പൊലീസുകാർ സർക്കാർ തീരുമാനത്തോടൊപ്പവും സംസ്ഥാന താൽപര്യത്തിന് ഒപ്പവുമാണ് നിൽക്കേണ്ടത്. നിങ്ങളിൽ ചിലർക്ക് നെഞ്ചിൽ കൈവച്ച് പറയാമോ േസ്റ്ററ്റിനൊപ്പം നിന്നുവെന്ന്’ ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ശബരിമലയിലെ വിവരങ്ങൾ പോലീസുകാരിൽ ചിലർ മതതീവ്രവാദികളെ അറിയിച്ചു. ഇത് പ്രശ്നങ്ങൾ ആളിക്കത്തിക്കാനിടയാക്കിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സർക്കാർ നിലപാടിന് ഒപ്പം നിൽക്കുന്നതിലും പോലീസിന് വീഴ്ചയുണ്ടായി. ഉന്നത ഉദ്യോഗസ്ഥർ പലരും ഉത്തരവാദിത്തത്തിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞു നിന്നു. മനിതി സംഘം എത്തിയപ്പോൾ ഉത്തരവാദിത്തം മറന്ന പോലീസുകാർ സ്വന്തം താൽപര്യം അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പലപ്പോഴും നാറാണത്ത് ഭ്രാന്തന്‍റെ അവസ്ഥയിലായിരുന്നു പോലീസെന്നും പിണറായി വിജയൻ പറഞ്ഞു.
കസ്റ്റഡി മരണത്തിന്‍റെ സാഹചര്യവും വിമർശന വിധേയമായി. പ്രതികളെ മർദ്ദിക്കുന്നത് ഹരമായി ചില പോലീസുകാർ കാണുന്നു എന്നായിരുന്നു പിണറായി വിജയന്‍റെ വിമർശനം. കസ്റ്റഡി മർദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.
പെറ്റികേസുകളുടെ എണ്ണം കൂട്ടുന്നതല്ല പോലീസിന്‍റെ ഉത്തരവാദിത്തമെന്നും പിണറായി വിജയൻ പൊലീസ് സേനയെ ഓർമ്മിപ്പിച്ചു.

