യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: എട്ട് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിൽ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസിറങ്ങി. സംഘർഷത്തിൽ അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ലെന്ന ആരോപണം വ്യാപകമായി ഉയരുന്പോഴാണ് പോലീസ് നടപടി. ഒന്നാം പ്രതി ശിവരഞ്‍ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമർ, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമൽ, ഏഴാം പ്രതി ആദിൽ, എട്ടാം പ്രതി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്.
എഫ്.ഐ.ആറിൽ പേര് ചേർക്കാത്ത അമർ എന്ന വിദ്യാർത്ഥിക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റി അംഗമാണ് അമർ. അമറും അഖിലിനെ ആക്രമിച്ച വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
എസ്എഫ്ഐ പ്രവർത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാബ് മാത്രമാണ് ഇത് വരെ പിടിയിലായത്.
അതേസമയം അന്വേഷണ സംഘത്തിന് ഇന്നും അഖിലിന്‍റെ മൊഴി രേഖപ്പെടുത്താനായില്ല. അന്വേഷണ സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാവൂ എന്ന് ഡോക്ടർമാർ അറിയിച്ചെന്ന് കൺഡോൺമെന്‍റ് സി.ഐ അനിൽകുമാർ പറഞ്ഞു.
അതിനിടെ കൊല്ലണം എന്ന് ഉദ്ദേശിച്ച് തന്നെയാണ് അഖിലിനെ കുത്തിയതെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നേ തീരൂ എന്നും അഖിലിന്‍റെ അച്ഛൻ പ്രതികരിച്ചു.

