ഉപതെരഞ്ഞെടുപ്പ്: വട്ടിയൂർക്കാവിൽ വൈകില്ല, മഞ്ചേശ്വരത്ത് അനിശ്ചിതാവസ്ഥ: ടിക്കാറാം മീണ
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് തടസമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മുരളീധരൻ എം.എൽ.എ സ്ഥാനം രാജിവച്ചതോടെ വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്നത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നൽകിയ കേസ് നിലനിൽക്കില്ലെന്ന് മീണ പറഞ്ഞു. ഇക്കാര്യത്തിൽ സ്റ്റാൻഡിംഗ് കൗണ്‍സിലിന്‍റെ ഉപദേശം കൂടി തേടുമെന്നും മീണ പറഞ്ഞു.
മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഉപതെരഞ്ഞെടുപ്പിന് തടസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇവയെല്ലാം കൃത്യസമയത്ത് തന്നെ നടക്കുമെന്നാണ് ടിക്കറാം മീണ നൽകുന്ന സൂചന.

