കളഞ്ഞു കിട്ടിയ പാദസരം തിരികെ നൽകാൻ 4000 രൂപ ഈടാക്കി കെ.എസ്.ആർ.ടി.സി


 

തിരുവനന്തപുരം: കളഞ്ഞുകിട്ടിയ ഒന്നരപ്പവന്‍റെ പാദസരം ഉടമയ്ക്ക് തിരികെ നൽകിയപ്പോൾ നോക്കുകൂലിയായി കെ.എസ്.ആർ.ടി.സി ഈടാക്കിയത് 4000 രൂപ. സിവിൽ സർവ്വീസ് പരിശീലനത്തിന് തിരുവനന്തപുരത്ത് എത്തിയ വിദ്യാർത്ഥിയുടെ പാദസരം തിരികെ നൽകിയപ്പോഴാണ് നോക്കുകൂലിയായി കെ.എസ്.ആർ.ടി.സി പണം ഈടാക്കിയത്. 

പാദസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം സ്വദേശിയായ പെൺ‍കുട്ടി മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു. ബസിനുള്ളിൽ‍ നിന്നും നഷ്ടപ്പെട്ട പാദസരം ലഭിച്ച സഹയാത്രക്കാരി ഇത് കെ.എസ്.ആർ.ടി. സി കണിയാപുരം ഡിപ്പോയിൽ ഏൽപ്പിച്ചു. തുടർന്ന് ഇവർ സ്വർണാഭരണം ഡിപ്പോയിൽ ഏൽപ്പിച്ച വിവരം ഫേസ്ബുക്കിലും വാട്സാപ്പിലും പങ്കുവെച്ചു.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട മ്യൂസിയം പൊലീസാണ് ഉടമയെ വിവരം അറിയിച്ചത്. പൊലീസിന്‍റെ അറിയിപ്പ് പ്രകാരം പെൺകുട്ടി ഡിപ്പോയിലെത്തി പാദസരം ഏറ്റുവാങ്ങി. ഒരു ദിവസമാണ് പാദസരം ഡിപ്പോയിൽ സൂക്ഷിച്ചത്. എന്നാൽ പാദസരം തിരികെ വാങ്ങാനെത്തിയ പെൺകുട്ടിയിൽ നിന്ന് കെ.എസ്.ആർ.ടി.സി അധികൃതർ 4000 രൂപ ഈടാക്കി. നോക്കുകൂലിയായി വാങ്ങിയ പണത്തിന് പുറമെ 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവങ്മൂലവും രണ്ടുപേരുടെ ആൾ ജാമ്യവും കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു. കൈവശം പണമില്ലാതിരുന്ന പെൺകുട്ടി സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയാണ് പണമടച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed