ആ ചിത്രത്തിനുള്ള ആട്രിബ്യൂഷൻ അദ്ദേഹത്തിനാണ്
കൊച്ചി: കോഴിക്കോട് ജില്ലയുടെ മാപ് കടപ്പാട് വെയ്ക്കാതെ വൈറസ് സിനിമയിലുപയോഗിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് നടി റിമയും ആഷിക് അബുവും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും മാപ് നിർമ്മിച്ച ജൈസൺ നെടുന്പാലയോട് മാപ്പ് പറഞ്ഞിരിക്കുന്നത്.
കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നയാളാണ് ജൈസൺ നെടുന്പാല. അദ്ദേഹം നിർമ്മിച്ച് വിക്കിമീഡിയ കോമൺസിൽ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ മാപ് വൈറസ്സിൽ കന്പ്യൂട്ടർ ഗ്രാഫിക്സിലൂടെയാണ് കാണിച്ചിരിക്കുന്നത്.
വിക്കിമീഡീയ കോമൺസിൽ നിന്ന് ലഭിച്ച ചിത്രം ഉപയോഗിച്ചാണ് മാപിന്റെ കന്പ്യൂട്ടർ ഗ്രാഫിക്സ് നിർമ്മിച്ചതെന്നും ക്രിയേറ്റീവ് കോമൺസ് ലൈസൻസിനെ കുറിച്ചുള്ള ധാരണക്കുറവ് മൂലവുമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത് എന്നും റിമയും ആഷിഖും പറഞ്ഞു. ജൈസൺ നെടുന്പാലയോട് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുകയും ആ ചിത്രത്തിനുള്ള ആട്രിബ്യൂഷൻ അദ്ദേഹത്തിനാണെന്ന് അറിയിക്കുകയും ചെയ്യുന്നു എന്ന് ഫേസ്ബുക്കിൽ കുറിച്ചു.

