മരടിലെ ഫ്ളാറ്റുകൾ പൊളിക്കണം; വിധിയിലുറച്ച് സുപ്രീംകോടതി
ന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയില ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന വിധിയിൽ ഉറച്ച് സുപ്രീംകോടതി. വിധിക്കെതിരേ ഫ്ളാറ്റ് ഉടമകൾ നൽകിയ ഹർജി ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഇതോടെ നൂറിലധികം കുടുംബങ്ങൾക്ക് ഫ്ളാറ്റുകൾ നഷ്ടപ്പെടുമെന്ന് ഉറപ്പായി. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിൽ നിന്നു വിധിയിൽ േസ്റ്റ സന്പാദിച്ചതിൽ ഹർജിക്കാർക്കും ഹാജരായ അഭിഭാഷകർക്കുമെതിരേ സുപ്രീംകോടതി ബെഞ്ച് രൂക്ഷവിമർശനവും ഉയർത്തി.
അവധിക്കാല ബെഞ്ച് വിധിയിൽ ഇടപെടാൻ പാടില്ലായിരുന്നെന്നും മൂന്നു മുതിർന്ന അഭിഭാഷകർ ഈ തട്ടിപ്പിൽ പങ്കുകാരായെന്നും ബെഞ്ച് നിരീക്ഷിച്ചു. പണമാണോ നിങ്ങൾക്ക് എല്ലാം എന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു. ഇത്തരം നടപടികളിൽ ആവർത്തിച്ചാൽ അഭിഭാഷകർക്കെതിരെ നടപടി എടുക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി. തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിർമിച്ച ഫ്ളാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അനധികൃത നിർമാണങ്ങൾ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്‍റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയ്ക്കെതിരേയായിരുന്നു നടപടി.

