മലയാളം സര്‍വ്വകലാശാല ഭൂമി വിവാദം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: മലയാളം സർവകലാശാലയുടെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ക്രമക്കേടിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം അടിയന്തരപ്രമേയമായി അനുവദിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നുമുള്ള സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു നടപടി.
കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ പറ്റുന്നരീതിയിലുള്ള ക്രമക്കേട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. വിഷയം അടിയന്തരപ്രധാന്യമല്ലാത്തതാണെന്ന സ്പീക്കറുടെ നിലപാട് പുനഃപരിശോധിക്കണമെന്നും സ്പീക്കർ ഈ പ്രസ്താവന പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശമാണ് സ്പീക്കർ നിഷേധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പക്ഷേ, വിഷയം അടിയന്തരപ്രമേയമായി പരിഗണിക്കില്ലെന്ന നിലപാടിൽ സ്പീക്കർ മാറ്റംവരുത്തിയില്ല. ഇതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

