ഹരിയാണയിലെ കോൺഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു
ന്യൂഡൽഹി: ഹരിയാണ കോൺഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഫരീദാബാദിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സെക്ടർ−9ൽ ഉള്ള ഒരു ജിമ്മിനു പുറത്ത് കാറിൽനിന്നിറങ്ങുന്പോഴായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.
മുഖംമൂടി ധരിച്ച അക്രമികൾ അദ്ദേഹത്തിനു നേർക്ക് പത്തിലധികം തവണ വെടിയുതിർത്തതായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ വികാസ് ചൗധരിയെ സംഭവം നടന്ന് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഹരിയാണ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട വികാസ് ചൗധരി. നേരത്തെ ഇന്ത്യൻ നാഷണൽ ലോക്ദളിലായിരുന്ന വികാസ് ചൗധരി 2015ൽ ആണ് കോൺഗ്രസിൽ ചേർന്നത്.

