സി.പി.ഐക്ക് ചീഫ് വിപ്പ് സ്ഥാനം; എം.എല്‍.എ കെ. രാജന്‍ ചീഫ് വിപ്പാകും


തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐക്ക്. ഒല്ലൂര്‍ എം.എല്‍.എ കെ രാജന്‍ ചീഫ് വിപ്പാകും. ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രളയ പശ്ചാത്തലത്തില്‍ പദവി ഏറ്റെടുക്കുന്നത് വിവാദമാകുമെന്ന് കണ്ട് ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. നിലവില്‍ പദവി ഏറ്റെടുക്കാം എന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതി അറിയിക്കുകയായിരുന്നു. സി.പി.ഐക്ക് ക്യാബിനറ്റ് റാങ്കോടെയാണ് ചീഫ് വിപ്പ് പദവി നല്‍കുന്നത്.

ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനായ ശേഷം ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നതില്‍ സി.പി.ഐ പ്രതിഷേധച്ചിരുന്നു. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ ഒരു സി.പി.എം മന്ത്രി രാജിവെക്കണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം. എന്നാല്‍ അന്ന് സി.പി.ഐയെ അനുനയിപ്പിക്കാനുള്ള ഒത്തുതീര്‍പ്പ് തീരുമാനമായിരുന്നു സി.പി.ഐക്ക് ക്യാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം. പ്രളയകാലത്ത് അധിക ചിലവ് വരുമെന്നതിനാല്‍ സി.പി.ഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ പി.സി ജോര്‍ജിനെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ സി.പി.ഐ ആണ് ഏറ്റവും അധികം വിമര്‍ശനം ഉന്നയിച്ചിരുന്നത്. സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നെന്നായിരുന്നു സി.പി.ഐ നേതാക്കളുടെ ആരോപണം..

You might also like

  • Lulu Exchange
  • Straight Forward

Most Viewed