കലോത്സവത്തില്‍ ദീപാ നിഷാന്ത് വിധികര്‍ത്താവായ സംഭവം; മുഴുവന്‍ രചനകളും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ തീരുമാനം


ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി കര്‍ത്താക്കളില്‍ ഒരാളെക്കുറിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ മുഴുവന്‍ രചനകളും പുനര്‍ മൂല്യ നിര്‍ണയം നടത്താന്‍ തീരുമാനം. രചനാ മത്സരത്തിലെ വിധി കര്‍ത്താക്കളില്‍ ഒരാളെക്കുറിച്ച് വിവാദമുയരുകയും മത്സരത്തില്‍ ഉള്‍പ്പെട്ട രചനകള്‍ പുനര്‍ മൂല്യ നിര്‍ണ്ണയം നടത്തണമെന്ന ആവശ്യമുയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പരാതികളുടെ ഉള്ളടക്കം പരിശോധിച്ചുവെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന് മത്സരത്തില്‍ വന്ന മുഴുവന്‍ രചനകളും പുനര്‍ മൂല്യ നിര്‍ണയം നടത്താന്‍ തീരുമാനിക്കുകയും ഭാഷാ സാഹിത്യ വിഭാഗം വിദഗ്ദനും ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനത്തെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുനര്‍ മൂല്യ നിര്‍ണയം പതിമൂന്നംഗ സംസ്ഥാനതല അപ്പീല്‍ കമ്മിറ്റി ഐക്യകണ്‌ഠേനെ അംഗീകരിച്ചു. മലയാളം ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത് എത്തിയതുമായി ബന്ധപ്പെട്ട് എബിവിപി, യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യൂ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കവിത മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്ത് ലജന്നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വേദി നമ്പര്‍ 30ല്‍ നടക്കേണ്ട രചനാമത്സരത്തില്‍ വിധികര്‍ത്താവായി എത്തിയതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്.

You might also like

  • Straight Forward

Most Viewed