ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നു ശബരിമല സന്ദർശിക്കും

പത്തനംതിട്ട : ശബരിമല തീർഥാടനം സുഗമമാക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നു ശബരിമല സന്ദർശിക്കും. നാളെയും സന്നിധാനത്ത് ഉണ്ടാകുമെന്നു സമിതിയുടെ ആദ്യയോഗത്തിനു ശേഷം ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള സൗകര്യം വിലയിരുത്തും.
ലക്ഷണക്കണക്കിനു ഭക്തജനങ്ങൾക്കു കുടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോ എന്നു പരിശോധിക്കുന്നതിനാണു മുൻഗണന. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും ഭക്ഷണം ലഭിക്കാനുള്ള സൗകര്യമുണ്ടോ എന്നും വിലയിരുത്തും. ദേവസ്വം ബോർഡിനു പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. നിലവിലുള്ള കാര്യങ്ങളും അടുത്ത വർഷം കൂടുതലായി ചെയ്യേണ്ട കാര്യങ്ങളുമാണു ചർച്ച ചെയ്തത്. ഇപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണം എത്രത്തോളം കുറയ്ക്കാൻ കഴിയുമെന്നും പരിശോധിക്കും.