ശബരിമല : ഇന്ത്യയിലൊട്ടാകെ ക്യാംപെയ്ന്‍ സംഘടിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ്


തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തെക്കുറിച്ചും ക്രമസമാധാന നിലയെക്കുറിച്ചും ഇന്ത്യയിലൊട്ടാകെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വിപുലമായ ക്യാംപെയ്ന്‍ സംഘടിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തയാറെടുക്കുന്നു. മാധ്യമങ്ങളിലെ പരസ്യത്തിനു പുറമേ സംഘടനകള്‍ വഴിയും സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രശസ്തരായ വ്യക്തികള്‍ വഴിയും ശബരിമലയിലെ യഥാർഥ ചിത്രം ഇതരസംസ്ഥാനങ്ങളിലെ ഭക്തരിലേക്ക് എത്തിക്കാനാണു ശ്രമം. വിവാദ വിഷയങ്ങള്‍ ക്യാംപെയ്നിൽ ഒഴിവാക്കും. മൂന്നാം തീയതി ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമരൂപമുണ്ടാകും.

ശബരിമലയിലെ പൂജാസമയം, വിശേഷ ദിവസങ്ങള്‍, മുറികള്‍ ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ അടക്കം വിശദമാക്കി കഴിഞ്ഞ വര്‍ഷവും ദേവസ്വം ബോര്‍ഡ് പരസ്യം നല്‍കിയിരുന്നു. ശബരിമലയില്‍ കോടതി വിധിയെത്തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യവും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇപ്പോഴത്തെ സുരക്ഷാക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ വര്‍ഷത്തെ പരസ്യത്തില്‍ ഉള്‍പ്പെടുത്തും. ക്യാംപെയ്ന് ഇതര സംസ്ഥാനങ്ങളിലുള്ള മലയാളി സംഘടനകളുടെ സേവനവും തേടും. ഗുരുസ്വാമിമാരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു നിലവിലെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തും.

You might also like

Most Viewed