പണം മുഴുവൻ അംബാനിക്ക് ; ശൂന്യമായ പ്രസംഗങ്ങൾ കർഷകർക്ക് : രാഹുൽ

ന്യൂഡല്‍ഹി : കർഷക മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും. രാജ്യത്തെ 15 വ്യവസായികൾക്കു ചെയ്തുകൊടുത്ത സഹായം കർഷകർക്കും മോദി ലഭ്യമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
കർഷകരുടെ നിരാശയേറിയ ഭാവി, യുവാക്കളുടെ തൊഴിലില്ലായ്‌മ എന്നീ 2 വെല്ലുവിളികളാണ് ഇന്ത്യ പ്രധാനമായും നേരിടുന്നതെന്ന് രാഹുൽ പറഞ്ഞു. 15 വ്യവസായികളുടെ കടം എഴുതിത്തള്ളാൻ മോദി കാണിച്ച മനസ്സ് കർഷകർക്കു നേരെയും ഉണ്ടാകണം. കർഷകർ അവരുടെ അവകാശങ്ങളാണു ചോദിക്കുന്നത്. ഉൽപന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കണം. കർഷകരുടെ അധ്വാനത്തിനു പ്രതിഫലം കിട്ടണം. പണം മുഴുവൻ അനിൽ അംബാനിയുടെ കീശയിലേക്കാണു പോകുന്നത്. ശൂന്യമായ പ്രസംഗങ്ങളല്ലാതെ കർഷകർക്ക് ഒന്നും കിട്ടാൻ പോകുന്നില്ലെന്നും രാഹുൽ പറഞ്ഞു.
കർഷകരോടു കേന്ദ്രം ചിറ്റമ്മ നയം സ്വീകരിക്കുന്നത് അദ്ഭുതകരമാണെന്നു കേജ്‍രിവാൾ പറഞ്ഞു. കർഷകർക്കായുള്ള കേന്ദ്ര സർക്കാരിന്റെ ബീമ യോജന തട്ടിപ്പാണ്. കർഷകരുടെ അക്കൗണ്ടിൽനിന്നു ആയിരക്കണക്കിനു കോടി രൂപയാണ് എടുക്കുന്നത്. എന്നാൽ വിള നശിക്കുമ്പോൾ വേണ്ടത്ര സഹായം കൊടുക്കുന്നുമില്ല. ഇത് ബീമ യോജനയല്ല, ബിജെപിയുടെ തീവെട്ടിക്കൊള്ള പദ്ധതിയാണെന്നും കേജ്‌രിവാൾ ആരോപിച്ചു.
സിപിഎം സെക്രട്ടറി സീതാറാം യച്ചൂരി, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങി പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും റാലിയെ അഭിസംബോധന ചെയ്തു.