ലൈംഗികാതിക്രമ പരാതി: പി.കെ.ശശിക്ക് ആറ് മാസം സസ്പെൻഷൻ

തിരുവനന്തപുരം : ലൈംഗികാതിക്രമ പരാതിയെ തുടർന്നു പി.കെ.ശശി എംഎല്‍എയെ ആറു മാസത്തേക്ക് സിപിഎം സസ്പെൻഡു ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് അച്ചടക്കനടപടി ശശിയുടെ വിശദീകരണം ചർച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഷൻ. നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.കെ. ശശി.
ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നായിരുന്നു ഇക്കാര്യം അന്വേഷിക്കാനുള്ള പാർട്ടി കമ്മിഷന്റെ റിപ്പോർട്ട്. ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നായിരുന്നു കമ്മിഷന്റെ ശുപാർശ. യുവതിയുമായി ശശി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംപിയുമാണ് കമ്മിഷനിലെ അംഗങ്ങള്‍. അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനിൽ തർക്കവുമുണ്ടായി. വാദപ്രതിവാദങ്ങൾക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.