തൃപ്തിയും സംഘവും വിമാനത്താവളത്തിൽ കുടുങ്ങി : ദർശനം നടത്താതെ തിരികെ പോകില്ല
കൊച്ചി : ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി. ബിജെപിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് വിമാനത്താവളത്തിന്റെ ആഗമന കവാടത്തിൽ നടക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനം പോലും തടസ്സപ്പെടുന്ന രീതിയിലാണ് പ്രതിഷേധം. ഈ സാഹചര്യത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തൃപ്തി ദേശായിയെ തിരിച്ചയയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ ദർശനം നടത്താതെ തിരികെ പോകില്ലെന്ന് അവർ അറിയിച്ചു.
മണ്ഡല – മകര വിളക്ക് പൂജകൾക്കായി ഇന്നു വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. ഇന്നലെ മുതൽ തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ളവർ നിലയ്ക്കലെത്തി. എന്നാൽ ഇവരെ രാവിലെ മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാകൂവെന്ന് പൊലീസ് നിലപാടെടുത്തു. മാധ്യമങ്ങൾ അടക്കമുള്ളവരെ രാവിലെ മുതൽ കയറ്റിവിട്ടിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ ഇന്നലെ അർധരാത്രി മുതൽ ഏഴു ദിവസത്തേക്കു കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദർശനം നടത്തി കഴിഞ്ഞാൽ അപ്പോൾ തന്നെ മലയിറങ്ങണമെന്നു ഡിജിപിയും അറിയിച്ചിട്ടുണ്ട്.
