ഹരികുമാര്‍ വീട്ടിലെത്തിയത് തിങ്കളാഴ്ച രാത്രി; മൃതദേഹം ആദ്യം കണ്ടത് ഭാര്യാമാതാവ്


തിരുവനന്തപുരം: കല്ലമ്പലം പൊലീസ് സ്റ്റേഷന് സമീപമുള്ള വെയിലൂരിലെ വീട്ടില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ എത്തിയത് തിങ്കളാഴ്ച രാത്രിയോടെയെന്ന് സൂചന. സമീപത്തു താമസിക്കുന്ന ഭാര്യയുടെ അമ്മ വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാനായി രാവിലെ എത്തിയപ്പോഴാണ് ഹരികുമാറിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ആയതിനു പിന്നാലെയാണ് വെയിലൂരിലെ നന്ദാവനം എന്ന വീട്ടില്‍ നിന്നും ഹരികുമാറും കുടുംബവും താമസം മാറിയത്. കുറേക്കാലമായി ഈ വീട് അടച്ചിട്ടനിലയിലായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ഭാര്യാ മാതാവ് ഇടയ്ക്കിടെ ഇവിടെയെത്തി വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കും.

ഈ മാസം അഞ്ചിനാണ് ഹരികുമാറുമായുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നെയ്യാറ്റികര സ്വദേശി സനല്‍കുമാര്‍ കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് ഡിവൈ.എസ്.പിയും സനലും തമ്മില്‍ വാഗ്വാദമുണ്ടായത്. കാര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. കാര്‍ മാറ്റിയിട്ടശേഷം തിരിച്ചെത്തിയ സനലിനെ ഡിവൈ.എസ്.പി മര്‍ദ്ദിച്ച് റോഡിലേക്കു തള്ളി. ഇതിനിടയില്‍  പാഞ്ഞെത്തിയ കാറിനടിയില്‍പ്പെട്ടാണ് സനല്‍ മരിച്ചത്. ഇതിനു ശേഷം സംഭവസ്ഥലത്തുനിന്നും സുഹൃത്ത് ബിനുവിനൊപ്പം മുങ്ങിയ ഹരികുമാറിനെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed