മാര്‍വല്‍ കോമിക്‌സിന്റെ ഐതിഹാസിക സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു


ലോസ് ആഞ്ചല്‍സ്: ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവര്‍ന്ന സൂപ്പര്‍ഹീറോകള്‍ക്ക് ജന്മം നല്‍കിയ ഇതിഹാസ കഥാകാരന്‍ മാര്‍ട്ടിന്‍ സ്റ്റാന്‍ ലീ അന്തരിച്ചു.  സ്‌പൈഡര്‍മാന്‍, അയണ്‍ മാന്‍, അവഞ്ചേഴ്‌സ്, ദി ഫന്റാസ്റ്റിക് ഫോര്‍, ദ ഹള്‍ക്ക്, ഡെയര്‍ ഡെവിള്‍, എക്‌സ് മെന്‍ തുടങ്ങി നിരവധി മാര്‍വല്‍ കോമിക് കഥാപാത്രങ്ങളുടെ സൃഷ്ടാവും എഴുത്തുകാരനും പ്രസാധകനുമായിരുന്നു സ്റ്റാന്‍ ലീ. ലോസ് ആഞ്ചല്‍സിലെ സെഡാര്‍സ് സിനായി മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. 95 വയസായിരുന്നു. 1922 ഡിസംബര്‍ 28 നാണ് സ്റ്റാന്‍ലീ എന്ന മാര്‍ട്ടിന്‍ സ്റ്റാന്‍ലീ ജനിക്കുന്നത്. റുമാനിയയില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറി പാര്‍ത്ത ജൂതകുടുംബാംഗമാണ് ലീ. കുട്ടിക്കാലം മുതല്‍ തന്നെ അഡ്വഞ്ചര്‍ ബുക്കുകളുടെയും കോമിക് കഥാപാത്രങ്ങളുടെയും കടുത്ത ആരാധകനായിരുന്നു ലീ. മാര്‍വല്‍ കോമിക്‌സില്‍ എത്തിയതോടെയാണ് ലീയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ലീയുടെ സൃഷ്ടികളെ ഹോളിവുഡ് ആവേശത്തോടെ സ്വീകരിച്ചു. മാര്‍വല്‍ സൂപ്പര്‍ ഹീറോകളെ ആധാരമാക്കിയെടുത്ത സിനിമകള്‍ വന്‍ഹിറ്റുകളായി.  ഇവയില്‍ മിക്കവയിലും മുഖം കാണിച്ച ലീ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറില്‍ ഒരു ബസ് ഡ്രെവറായി എത്തി. പരേതയായ നടി ജോണ്‍ലീയാണ് ഭാര്യ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed