താരസംഘടനയായ അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ചു
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർത്തിരിക്കുന്ന നടൻ ദിലീപിനെ മലയാളം സിനിമാപ്രവർത്തകരുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെ തുടർന്ന് നാല് നടിമാർ രാജിവെച്ചു. രമ്യ നന്പീശൻ, റീമാ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ഭാവന എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഡബ്ലൂ.സി.സി പുറത്തുവിട്ട ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. അതേസമയം ഡബ്ലൂ.സി.സിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായതിന് പിന്നാലെ നടൻ ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന പുതിയ ജനറൽ ബോഡി മീറ്റിംഗിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വുമൺ ഇൻ സിനിമാ കളക്ടീവിലെ ഏതാനും അംഗങ്ങൾ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വനിതാ സംഘടനയുടെ പേജിലൂടെയാണ് ഇവർ രാജി പ്രഖ്യാപനം നടത്തിയത്.
അമ്മ സംഘടനയിൽ നിന്നും നീതി കിട്ടുമെന്ന് കരുതുന്നില്ലെന്നും തനിക്ക് നേരിട്ടു മോശമായ അനുഭവം ഉണ്ടായിട്ട് പോലും താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ ആളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അത്തരം ഒരു സംഘടനയിൽ പ്രവർത്തിക്കുന്നത് കൊണ്ട് കാര്യമില്ലെന്ന് വ്യക്തമാക്കി ആക്രമിക്കപ്പെട്ട നടി ആദ്യം രാജിവെച്ചു. അവർക്കൊപ്പം ഞങ്ങളും രാജിവക്കുന്നു എന്ന് പറഞ്ഞായിരുന്നു മറ്റുള്ളവർ രാജിവച്ചത്.
രമ്യ നന്പീശൻ, റീമാ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റ്:
“അമ്മയിൽ നിന്നും രാജി വെക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്റെ രാജി. ഹീനമായ ആക്രമണം നേരിട്ട, ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു. നീതി പുലരട്ടെ” രമ്യാ നന്പീശൻ
“അമ്മ’യിൽ നിന്ന് ഞാൻ രാജി വെക്കുകയാണ്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. അമ്മയ്ക്കകത്ത് നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുൻ നിർവ്വാഹക സമിതി അംഗം എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത്. ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ്. ഇനിയും അതനുവദിക്കാൻ കഴിയില്ല. എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീർത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ ഞാൻ പുറത്ത് നിന്നു പോരാടും” ഗീതു മോഹൻദാസ്
“ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരിലല്ല ഞാൻ ‘അമ്മ’ വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ, ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്” റീമ കല്ലിങ്കൽ.
നടിമാർ ‘അമ്മ’ വിട്ടത് രണ്ട് ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷമാമെന്നാണ് റിപ്പോർട്ട്. മഞ്ജു വാരിയർ അമ്മ വിടേണ്ട എന്ന് തീരുമാനിച്ചതും ഈ ചർച്ചയ്ക്ക് ശേഷമാണ്. അതേസമയം സംഭവത്തിൽ അമ്മയുടെ ഭാരവാഹികൾ അഭിപ്രായം രേഖപ്പെടുത്തിയില്ല. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ഒന്നും പറയാനില്ലെന്നും സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.




