നടി ആക്രമിക്കപ്പെട്ട കേസ് : വിചാരണ വൈകിപ്പിക്കാൻ ശ്രമമെന്ന് കോടതി
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി. തുടരെ ഹർജികൾ നൽകി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് എറണാകുളം സെഷൻസ് കോടതി നിരീക്ഷിച്ചു.
കേസിൽ തെളിവ് നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പൾസർ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. ഹർജി തള്ളിയതോടെ കുറ്റപത്രത്തിലുള്ള പ്രതികളെ ഒഴിവാക്കാൻ കോടതി തയാറായിട്ടില്ലെന്നതാണ് വ്യക്തമാകുന്നത്.
കേസിൽ പ്രതികൾ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് പ്രതികൾ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാൻ തടസമാവുകയാണെന്നും കോടതി നിരീക്ഷിച്ചു
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചെന്നതാണ് പ്രതീഷ് ചാക്കോയ്ക്കും രാജു ജോസഫിനുമെതിരെയുള്ള കേസ്. മുഖ്യപ്രതി പൾസർ സുനി ഇവരെയാണ് ഫോൺ ഏൽപിച്ചതെന്നാണ് കണ്ടെത്തൽ. ഇവരെ വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.




