സി.പി.ഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും
കൊല്ലം : സി.പി.ഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും. ഇത് മൂന്നാം തവണയാണ് ജനറൽ സെക്രട്ടറിയായി റെഡ്ഡിയെ തിരഞ്ഞെടുക്കുന്നത്. കൊല്ലത്ത് നടക്കുന്ന സി.പി.ഐ 23ാം പാർട്ടി കോൺഗ്രസിന്റെ അവസാന ദിനത്തിലാണ് സുധാകർ റെഡ്ഡി തുടരാൻ തീരുമാനമെടുത്തത്. സാധാരണ രണ്ട് തവണയാണ് ഒരാൾക്ക് സെക്രട്ടറി സ്ഥാനത്തിരിക്കാൻ സാധിക്കുന്നത്. ഇതിൽ ഇളവ് വരുത്തിയാണ് റെഡ്ഡിയെ വീണ്ടും നിയോഗിച്ചത്. സി.പി.ഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത സ്ഥാനമൊഴിഞ്ഞെങ്കിലും പുതിയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെ യോഗത്തിൽ തിരഞ്ഞെടുത്തില്ല. ആവശ്യമെന്ന് തോന്നിയാൽ ഇത് സംബന്ധിച്ച തീരുമാനം ദേശീയ കൗൺസിലിൽ സ്വീകരിക്കുമെന്ന് സുധാകർ റെഡ്ഡി അറിയിച്ചു.
11 അംഗ ദേശീയ സെക്രട്ടറിയേറ്റിനെയും പാർട്ടി കോൺഗ്രസിൽ തിരഞ്ഞെടുത്തു. ഒന്പത് അംഗങ്ങളാണ് മുന്പ് ദേശീയ സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ ഇത് 11 ആയി ഉയർത്തുകയായിരുന്നു. നിലവിലെ അംഗമായ കെ.ഇ ഇസ്മായിലിനെ നിലനിർത്തിയതിനൊപ്പം കേരളത്തിൽ നിന്ന് കാനം രാജേന്ദ്രനെയും ബിനോയ് വിശ്വത്തെയും ദേശിയ സെക്രട്ടറിയറ്റിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
വിദ്യാർത്ഥി യുവജനനേതാവും ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ ചെയർമാനുമായ കനയ്യകുമാറിനെ സി.പി.ഐ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തി. 125 അംഗ കൗൺസിലിൽ നിരവധി പുതുമുഖങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. എൻ. രാജൻ, എൻ. അനിരുദ്ധൻ, പി. വസന്തം, കെ.പി രാജേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എന്നിവരെയാണ് ദേശീയ കൗൺസിലിൽ പുതുതായി കേരളത്തിൽനിന്ന് ഉൾപ്പെടുത്തിയത്. കാൻഡിഡേറ്റ് അംഗമായി മഹേഷ് കക്കത്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം മുതിർന്ന നേതാവ് സി. ദിവാകരനെ സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കി. ദിവാകരന് പുറമെ സി.എൻ ചന്ദ്രൻ, സത്യൻ മൊകേരി, കമലാ സദാനന്ദൻ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ മുൻ പാർട്ടി സെക്രട്ടറിയും ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ പന്ന്യൻ രവീന്ദ്രനെ കൺട്രോൾ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു.



