കീഴാറ്റൂരിലേക്ക് വയൽക്കിളികളുടെ ബഹുജന മാർച്ച്
തളിപ്പറന്പ് : ദേശീയപാതാ ബൈപ്പാസ് നിർമ്‍മാണത്തിന്റെ ഭാഗമായി വയൽ നികത്തരുത് എന്നാവശ്യപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗത്തുനിന്നെത്തിയവർ കീഴാറ്റൂർ വയലിലേയ്ക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. രണ്ടരയോടെ തളിപ്പറന്പ് ടൗൺ സ്‌ക്വയറിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. പൊതുസമ്മേളനത്തിൽ കീഴാറ്റൂർ പ്രഖ്യാപനം സമര നേതാവായ സുരേഷ് കീഴാറ്റൂർ നടത്തി. വനവും പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും നെൽവയലുകളും തണ്ണീർതടവും പരിസ്ഥിതിയും നശിപ്പിക്കാൻ സർക്കാറിന് അവകാശമില്ലെന്ന പ്രതിജ്ഞ യോഗത്തിൽ പങ്കെടുത്ത നേതാക്കളും പ്രവർത്തകരും ഏറ്റുചൊല്ലി. വൻ പോലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്.
സുരേഷ് ഗോപി എം.പി, നേതാക്കളായ വി.എം സുധീരൻ, പി.സി ജോർജ്ജ്, അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ മാർച്ചിൽ പങ്കെടുത്തു. വയൽസംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ചാണ് ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിലാണ് മാർച്ച് സംഘടിപ്പിച്ചത്. വയൽക്കിളികൾ നടത്തിവരുന്ന സമരത്തിന ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ബഹുജനമാർച്ചിലൂടെ ലക്ഷ്യം വെക്കുന്നത്.
കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നയങ്ങളാണ് കീഴാറ്റൂർ പ്രശ്‌നത്തിൽ സി.പി.ഐ.എമ്മിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത വി.എം സുധീരൻ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലും മറ്റും കർഷകർക്കായി സമരം നടത്തുകയും അവരോടൊപ്പം ചേരുകയും ചെയ്യുന്ന പാർട്ടി ഇവിടെ വയൽ നികത്താൻ സമരം നടത്തുകയാണെന്ന് സുധീരൻ കുറ്റപ്പെടുത്തി. എല്ലാം കേന്ദ്രസർക്കാരിന്റെ തലയിൽ വെച്ച് കെട്ടാൻ നോക്കേണ്ടെന്ന് പൊതു സമ്മേളനത്തിൽ സുരേഷ് ഗോപി എം.പി പറഞ്ഞു. ഉടൻ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേഷ് ഗോപി പറഞ്ഞു. കീഴാറ്റൂരിൽ റോഡിനായി വയൽ നികത്താൻ എട്ട് ലക്ഷം ലോഡ് മണ്ണ് വേണ്ടിവരും. അതിന് 70 കോടി രൂപ ചിലവു വരും. ആ പണം എവിടെ കൊണ്ടുപോയെന്ന് പിണറായി സഖാവ് പറയണമെന്ന് പി.സി ജോർജ്ജ് എം.എൽ.എ ആവശ്യപ്പെട്ടു. വയൽക്കിളികളെ വയൽക്കഴുകന്മാരാക്കാതിരിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു. അതിനിടെ വി.എം സുധീരന്റെയും കെ. സുധാകരന്റെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാവിലെ കീഴാറ്റൂർ പാടശേഖരം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം വയൽക്കിളികളുടെ സമരത്തിനെതിരെ പ്രതിരോധം തീർക്കാൻ പ്രദേശവാസികളെയും പാർട്ടി പ്രവർത്തകരെയും സംഘടിപ്പിച്ച് സി.പി.എം നാട്ടുകാവൽ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വയൽക്കിളികൾക്ക് പിന്തുണയുമായി ബഹുജനമാർച്ച് നടന്നത്. പാർട്ടി അംഗങ്ങളെ ഉൾപ്പെടുത്തി ജനീകയസംരക്ഷണ സമിതി രൂപീകരിച്ചായിരുന്നു സി.പി.ഐ.എമ്മിന്റെ പ്രതിരോധം.

