വിദേശവനിതയുടെ തിരോധാനം : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
തിരുവനന്തപുരം : വിദേശവനിത ലത്വിയ സ്വദേശി ലിഗ സ്ക്രോമനെ കാണാതായ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ലിഗയുടെ തിരോധാനത്തെക്കുറിച്ച്അന്വേഷിക്കുന്നതിന് ഡിസി.പി.ജി ജയദേവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ലിഗയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷംരൂപ റിവാർഡും പ്രഖ്യാപിച്ചു.
കോവളം ബീച്ച് പരിസരത്ത് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. ആറ്റിങ്ങൽ ഡിവൈഎസ്പി പി.അനിൽകുമാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഐ.ജി മനോജ് എബ്രഹാം മാർഗ നിർദ്ദേശം നൽകും. തിരുവനന്തപുരം സിറ്റി അസി. കമ്മീഷണർ ജി.സുരേഷ്കുമാർ, സി.ബി.സി.ഐ.ഡി സാറ്റ്സ് ഡി.വൈ.എസ്.പി ആർ.ദത്തൻ, സിറ്റി കൺട്രോൾ റൂം ഇൻസ്പെക്ടർ എൻ വി അരുൺരാജ്, വിഴിഞ്ഞം എസ്എച്ച്ഒ എൻ ഷിബു, വിഴിഞ്ഞം കോസ്റ്റൽ പോലീസ് എസ്എച്ച്ഒ വി ജയചന്ദ്രൻ, കോവളം എസ്ഐ പി അജിത്കുമാർ, പോത്തൻകോട് എസ്ഐ ജെഎസ് അശ്വിൻ, സിറ്റി കൺട്രോൾ റൂം എസ്ഐ സുനില്ലാൽ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ.

