ഐ.എസ് റിക്രൂട്ട്മെന്റ് കേസ് : യാസ്മിൻ ഷഹീദിന് ഏഴ് വർഷം കഠിന തടവ്
കൊച്ചി : കേരളത്തിൽ രജിസ്റ്റർ ചെയ്ത് ആദ്യത്തെ ഐ.എസ് റിക്രൂട്ട്മെന്റ് കേസിൽ വിധിയായി. മലയാളി യുവാക്കളെ ഇസ്ലാമിക് േസ്റ്ററ്റിൽ ചേരുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് കയറ്റിവിട്ട കേസിലാണ് വിധി. ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദിനെയാണ് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ചത്. 25,000 രൂപ പിഴയും ചുമത്തി. യാസ്മിനെതിരെയുള്ള കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നതാണ് കുറ്റപത്രത്തിൽ ഇവർക്കെതിരെ വ്യക്തമാക്കുന്നത്. യാസിനും ഒന്നാം പ്രതിയായ അബ്ദുൾ റാഷിദിനുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടന്നതായി കോടതി നിരീക്ഷിച്ചു.15 പേർ ഉൾപ്പെട്ട കേസിൽ യാസ്മിൻ മാത്രമാണ് പിടിയിലായത്.
കാസർഗോഡ് നിന്നും 15 യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത സംഭവത്തിൽ എൻ.ഐ.എ 2016ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരള പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 50 സാക്ഷികളെയാണ് കേസിൽ എൻ.ഐ.എ ഹാജരാക്കിയത്. ഒപ്പം 50ഓളം തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. താൻ നിരപരാധിയാണെന്നും തനിക്ക് അബ്ദുൾ റാഷിദിനെ അറിയില്ലെന്നും വിധി പ്രസ്താവത്തിന് മുന്പ് യാസ്മിൻ പ്രതികരിച്ചു. തെളിവുകളില്ലാതിരുന്നിട്ടും കോടതി ശിക്ഷ വിധിക്കുകയായിരുന്നെന്നും അപ്പീൽ പോകുമെന്നും യാസ്മിന്റെ അഭിഭാഷകൻ പ്രതികരിച്ചു.

