സ്കെല്ലയുടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി ദുരിതത്തിൽ
മനാമ : ജോലിക്കിടെ ഉയരമുള്ള സ്കെല്ലയുടെ മുകളിൽ നിന്നും വീണ മലയാളി ദുരിതത്തിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷാഫിയാണ് ഹിദ്ദിലെ ജോലിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ സ്കെല്ലയുടെ മുകളിൽ നിന്നും വീണു പരിക്കേറ്റതിനെ തുടർന്ന് ദുരിതത്തിൽ കഴിയുന്നത്. മാർച്ച് 10ാം തീയ്യതി ജോലി അവസാനിച്ചതിന് ശേഷം സ്കെല്ല അഴിച്ചു മാറ്റുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്. ജോലി കഴിയാറായ സമയം ആയിരുന്നതിനാൽ സുരക്ഷാ സാമഗ്രികൾ അഴിച്ചുവെച്ചിരുന്നതായും ഷാഫി പറഞ്ഞു.സൽമാനിയ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഗുദൈബിയയിലെ താമസസ്ഥലത്ത് വിശ്രമത്തിൽ കഴിയുകയാണ് ഷാഫി ഇപ്പോൾ. പരസഹായമില്ലാതെ പ്രാഥമിക കൃത്യം വരെ നിർവ്വഹിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സുഹൃത്തുക്കളുടെ സഹായം കൊണ്ട് മാത്രമാണ് മുറിയിൽ കഴിച്ചുകൂട്ടുന്നത്. കന്പനിയുടെ ഭാഗത്തു നിന്നുള്ള സഹായങ്ങളും ലഭിക്കുന്നുണ്ട്. തുടർ ചികിത്സയ്ക്കും വിശ്രമത്തിനായി നാട്ടിലേയ്ക്ക് പോകാൻ ഒരുങ്ങുകയാണ് ഷാഫി.
വീട്ടിലെ ദാരിദ്ര്യത്തിനും കഷ്ടപ്പാടുകൾക്കും മോചനം എന്ന ലക്ഷ്യവുമായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു ഷാഫി കൺസ്ട്രക്ഷൻ കന്പനിയിൽ ജോലിക്കായി എത്തിയത്. സെക്യൂരിറ്റി ജോലി ആണെന്ന് പറഞ്ഞിരുന്നെങ്കിലും ലഭിച്ചത് ലേബർ വർക്കായിരുന്നു. എന്ത് ജോലിയും ചെയ്യാൻ സന്നദ്ധനായിരുന്നു ഷാഫി. ലഭിച്ച ജോലി ഷാഫി സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. കാരണം കുടുംബത്തിന്റെ ഏക അത്താണിയാണ് ഷാഫി. ഷാഫിക്ക് രണ്ട് വയസ്സുള്ളപ്പോൾ അൽകോബാറിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചതാണ് ഷാഫിയുടെ പിതാവ്. തുടർന്ന് മാതാവിന്റെ തണലിലാണ് ഷാഫിയും ഏക സഹോദരിയും വളർന്നത്. സഹോദരിയെ വിവാഹം ചെയ്തയച്ചെങ്കിലും സാന്പത്തികമായി തകർന്നു.
പഞ്ചായത്തിന്റെ സഹായത്തോടെ കേറിക്കിടക്കാൻ ഒരു കൊച്ചു വീട് ഉണ്ടെന്നല്ലാതെ മറ്റൊരു സന്പാദ്യവുമില്ല. ഈ ഒരവസ്ഥയിലാണ് ഷാഫി ബഹ്‌റൈനിൽ എത്തിച്ചേർന്നത്. കന്പനിയുടെ ഭാഗത്തു നിന്ന് ഗോസി അടക്കമുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ എല്ലാം നടന്നു വരുന്നുണ്ടെന്ന് കന്പനി പ്രതിനിധികൾ അറിയിച്ചു. മലയാളി സാമൂഹ്യപ്രവർത്തകർ ഷാഫിയെ സന്ദർശിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

