കർ‍ദിനാൾ മാർ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്


കൊച്ചി : സിറോ മലബാർ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം നാല് പേർക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നും കോടതിയുടെ പരാമർശങ്ങൾ ഒന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഭൂമി ഇടപാടിൽ ഗൂഢാലോചന പ്രകടമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇടപാടുകൾ ദുരൂഹമാണെന്നും കോടികൾ മറിഞ്ഞതായി സംശയിക്കുന്നുവെന്നും വ്യക്തമാക്കി. കർദ്ദിനാളിനും ഇടനിലക്കാർക്കും ഇതിൽ പങ്കുള്ളതായി സംശയമുണ്ടെന്നും കോടതി വ്യക്തമാക്കി.

ഭൂമി ഇപാടിൽ‍ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനവും രാവിലെ വാദത്തിനിടെ ഉണ്ടായിരുന്നു. കർ‍ദ്ദിനാൾ രാജാവല്ലെന്ന് കോടതി നിരീക്ഷിച്ചു. അതിരൂപതയുടെ സ്വത്തുക്കൾ സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ കർ‍ദ്ദിനാളിന് അധികാരമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ വിമർ‍ശനം. കർദ്ദിനാളിനെ ഒരു കിംഗ് ആയി കാണാമോ? എന്ന കോടതിയുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ആരും നിയമത്തിന് മുകളിലല്ലെന്നും കോടതി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed