ഭീകരവിരുദ്ധ നടപടികൾക്ക് ക്യാബിനറ്റിന്റെ പ്രശംസ
മനാമ : രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും തകർക്കാനുള്ള നീക്കം പരാജയപ്പെടുത്തിയ നടപടിക്ക് ക്യാബിനറ്റിന്റെ പ്രശംസ. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന ക്യാബിനറ്റാണ് ഭീകരവിരുദ്ധ സേനയുടെ നടപടികളെ പ്രശംസിച്ചത്.
ബഹ്‌റൈന്റെ സുരക്ഷയ്ക്കും, സ്ഥിരതയ്ക്കും എതിരെ നടത്തിയ ഗൂഢാലോചനകൾ പരാജയപ്പെത്തിയതായും സുരക്ഷാ അധികൃതരുടെയും വിജിലൻസിന്റെയും പരിശ്രമവും ബഹ്‌റൈൻ ജനതയുടെ ഐക്യവും ഗൂഡാലോചനകൾ പരാജയപ്പെടുത്തുന്നതിൽ നിർണ്ണായകമായതായും ക്യാബിനറ്റ് കൂട്ടിച്ചേർത്തു. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരവാദ സംഘം അടുത്തിടെ അറസ്റ്റിലായിരുന്നു.
ഭീകരർക്ക് നുഴഞ്ഞുകയറുന്നതിനും രാജ്യ താൽപ്പര്യങ്ങളെ തകർക്കാനുള്ള ഗൂഡാലോചനകൾ നടത്തുന്നതും അസാധ്യമാക്കിയത് ബഹ്‌റൈൻ സമൂഹത്തിന്റെ സമഗ്രതയും ഐക്യവുമാണെന്നും ക്യാബിനറ്റ് പറഞ്ഞു. ഭീകരതയെ നേരിടാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയം ഫലം കണ്ടതായും ക്യാബിനറ്റ് വ്യക്തമാക്കി.
രാജ്യത്ത് നേരത്തെ നടന്ന ഭീകരാക്രമണങ്ങളെ ക്യാബിനറ്റ് അപലപിച്ചു. ഹമദ് രാജാവിന്റെ നേതൃത്വത്തിന് കീഴിൽ രാജ്യത്തിന്റെ സുരക്ഷയെയും ഐക്യത്തെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ഭീകരവിരുദ്ധ സംഘടനകൾക്ക് ക്യാബിനറ്റ് നന്ദി പറഞ്ഞു.

