ത്രിപുരയിൽ വ്യാപക അക്രമം : നിരോധനാജ്ഞ പ്രഖ്യാപിച്ചു
അഗർത്തല : 25 വർഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് വിരാമം കുറിച്ച് ബി.ജെ.പി അധികാരത്തിലെത്തിയ ത്രിപുരയിൽ സി.പി.എം സ്ഥാപനങ്ങൾക്ക് നേരെ വ്യപക ആക്രമണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. അക്രമം വ്യാപകമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബലോണിയയിൽ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബി.ജെ.പി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ സി.പി.എം ഓഫീസുകളും തകർക്കപ്പെട്ടിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആരോപണ, പ്രത്യാരോപണങ്ങളുമായി സി.പി.എം, ബി.ജെ.പി നേതാക്കൾ രംഗത്തെത്തി.
ബലോണിയയിൽ കോളേജ് സ്ക്വയറിൽ അഞ്ച് വർഷം മുന്പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകർക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ബി.ജെ.പി പ്രവർത്തകരുടെ ഒരു സംഘം ബുൾ ഡോസർ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും തകർക്കുകയും ചെയ്തത്. ഭാരത് മാതാ കി ജയ് എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം.
മറിച്ചിട്ട ശേഷം പ്രതിമയുടെ തല മുറിച്ചു മാറ്റുകയും ചെറുകഷണങ്ങളാക്കി തകർക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബി.ജെ.പി പ്രവർത്തകർ ഫുട്ബോൾ കളിച്ചതായും സി.പി.എം നേതാവ് തപസ് ദത്ത പറഞ്ഞു. ബി.ജെ.പിയുടെ കമ്യൂണിസം ഫോബിയയാണ് ഇത്തരം പ്രവർത്തികളിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അക്രമങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബി.ജെ.പി പ്രവർത്തകർ ഭയം പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം ട്വീറ്റ് ചെയ്തു. പാർട്ടി ഓഫീസുകൾ ആക്രമിച്ച് 240ൽ അധികം പേർക്ക് പരിക്കേൽപ്പിച്ചിട്ടുണ്ട്. നേതാക്കന്മാരുടെ വീടുപോലും ആക്രമിക്കപ്പെടുന്നുവെന്നും സി.പി.എം ആരോപിച്ചു.
അതേസമയം ആക്രമ സംഭവങ്ങളിൽ പങ്കില്ലെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി. അക്രമങ്ങൾ പിന്നിൽ ബി.ജെ.പിയാണെന്നുള്ള ആരോപണം പാർട്ടി വക്താവ് നളിൻ കോഹ്‌ലി തള്ളി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾ നീക്കാൻ ആരംഭിച്ചെന്നുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ കോഹ്‌ലി ലെനിന്‍റെ പ്രതിമ തകർത്തതിൽ ബി.ജെ.പിയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കി.
അതേസമയം ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പോലീസ് നടപടികൾ ശക്തമാക്കി. പുതിയ സർക്കാർ അധികാരമേൽക്കും വരെ സംസ്ഥാനത്തെ ക്രമസമാധാന നില കാത്തുസൂക്ഷിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ത്രിപുര ഗവർണറോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടിരുന്നു.

