മൈ­ക്രോ­ ഫി­നാ­ൻ­സ് കേ­സ് : വി­ജി­ലൻ­സിന് വീ­ണ്ടും ഹൈ­ക്കോ­ടതി­യു­ടെ­ വി­മർ­ശനം


കൊച്ചി : വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിൽ വിജിലൻസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. കേസിന്റെ അന്വേഷണം നേരെ ചൊവ്വേ നടത്തിയിട്ടില്ലെന്നും കേസ് ഫയൽ പരിശോധിച്ചതിൽ പുതിയ തെളിവുകൾ ഒന്നും കാണുന്നില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കേസിന്റെ അന്വേഷണത്തിനായി പുതിയ സംഘം രൂപീകരിച്ചതായി സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം വേണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു. തുടർന്ന് കോടതി സമയം അനുവദിക്കുകയായിരുന്നു. കേസ് സംബന്ധിച്ച ആവശ്യമായ രേഖകൾ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ കോടതിയിൽ നൽകിയിരുന്നു. അന്വേഷണത്തോട് സഹകരിക്കാമെന്നും പ്രതികൾ കോടതിയിൽ ഉറപ്പു നൽകി.

കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ കേസിന്റെ വസ്തുതകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് അറിവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വിജിലൻസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടർക്കും ഇക്കാര്യത്തിൽ കോടതിയെ സഹായിക്കാൻ കഴിയുന്നില്ലെന്ന് സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. തുടർന്നാണ് ഇന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹാജരായത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന്റെ മൊഴിയെടുക്കുമെന്ന് വിജിലൻസ്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്.  മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി മുന്‍പ് നിർദ്ദേശിച്ചിരുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങൾ ഇതുവരെയും വിജിലൻസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതികൾ കുറ്റക്കാരല്ലെങ്കിൽ‍ അവരെ പ്രതിപ്പട്ടികയിൽ‍ നിന്ന് ഒഴിവാക്കുക തന്നെ വേണം. പരാതിക്കാരനായ വി.എസ്.അച്യുതാനന്ദന്റെ കയ്യിൽ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ വിജിലൻസിന് നൽകണമെന്നും കോടതി മുന്‍പ് ആവശ്യപ്പെട്ടിരുന്നു.

വെള്ളാപ്പള്ളി ഉൾപ്പെടെ അഞ്ച് പേരെയാണ് കേസിൽ‍ പ്രതി ചേർത്തിരിക്കുന്നത്. എം.കെ സോമൻ, മൈക്രോ ഫിനാൻസ് സംസ്ഥാന കോർഡിനേറ്റർ കെ.കെ മഹേശ്വർ, പിന്നോക്ക വികസന കോർപ്പറേഷൻ മുൻ എം.ഡി നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവരാണ് വെള്ളാപ്പള്ളിയെ കൂടാതെ കേസിൽ പ്രതികളായിരിക്കുന്നത് ഗൂഢാലോചന, സാന്പത്തിക തിരിമറി കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed