കു­തി­രാ­ൻ : ഒന്നാം തു­രങ്കം വേ­ഗത്തിൽ തു­റന്നു­കൊ­ടു­ക്കാൻ നടപടി


തൃശൂർ : കുതിരാനിൽ നിർമ്മിച്ച ഒന്നാം തുരങ്കം വേഗത്തിൽ തുറന്നുകൊടുക്കാൻ നടപടി. ഇതിന് പൊതുമരാമത്തു മന്ത്രിയുടെ നിർദ്ദേശ പ്രകാരം കളക്ടർ ഇടപ്പെട്ടു. ദേശീയപാത വടക്കഞ്ചേരി മണ്ണുത്തി  ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി കന്പനിയിൽ നിന്ന് പണം ലഭിക്കാത്തതിനാൽ തുരങ്ക നിർമ്മാണം നിലച്ചിരിക്കുകയാണ്. റോഡിലെ സുരക്ഷാപ്രശ്‌നവും ബസ്സ്‌റ്റോപ്പും ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലായാതിനെ തുടർന്ന് മന്ത്രി ജി.സുധാകരൻ സ്ഥലം സന്ദർശിക്കാൻ നിർദ്ദേശിച്ചതനുസരിച്ച് കലക്ടർ ഡോ. എ കൗശിഗൻ കുതിരാനിലെത്തി. പരിഹാരം നിർദ്ദേശിച്ചു.

തുരങ്കത്തിനുപുറത്ത് ഇരുഭാഗങ്ങളിലുമായി പാറക്കെട്ടുകൾ അപകട ഭീഷണി ഉയർത്തി അടർന്നു നിൽക്കുന്നുണ്ട്. ഇത് പൊളിക്കാൻ വനംവകുപ്പിന്റെ അനുമതിവേണം. ഇതിന് കാലതാമസമെടുക്കും. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിലുള്ള അധികാരം ഉപയോഗപ്പെടുത്തി അപകടകരമായ പാറക്കെട്ടുകൾ പൊട്ടിക്കാൻ കലക്ടർ അനുമതി നൽകും. 

തുരങ്കവും അനുബന്ധപാലവും യാഥാർഥ്യമാവുന്പോൾ ഇരുന്പുപാലം നിവാസികൾക്ക് കൊന്പഴയിൽ നിന്ന് ബസ് കയറേണ്ടിവരും. ഇതിനാൽ പാലത്തിനു സമീപം ബസ്‌ബേയും സ്‌റ്റോപ്പും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ തുരങ്ക സുരക്ഷാ നിയമമനുസരിച്ച് ഇത് അനുവദിക്കാനാവില്ല. പകരം നിലവിലുള്ള റോഡ് സമാന്തരറോഡായി നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

തുരങ്ക നിർമ്മാണത്തിന് വനഭൂമി വിട്ടുനൽകിയതിന് പകരമായി പഴയ റോഡ് വനംവകുപ്പിന് വിട്ടുനൽകാമെന്നാണ് കേന്ദ്രസർക്കാരുമായുണ്ടാക്കിയ വ്യവസ്ഥ. ഈ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തണമെങ്കിൽ കേന്ദ്രസർക്കാർ തീരുമാനം ആവശ്യമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ സമീപിക്കാനാണ് ധാരണ. 

ഇതിനിടെ കുതിരാൻ തുരങ്കത്തിൻ്റെ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ഫയർ ആൻഡ് സേഫ്റ്റിവിഭാഗം ചില കാര്യങ്ങൾ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം പരിഹരിക്കുന്നതിന് എൻ.എച്ച് അതോറിറ്റിയുടെ ഫയർ ആൻഡ് സേഫ്റ്റിവിഭാഗവും സംസ്ഥാന വിഭാഗവും കോ  ഓർഡിനേഷൻ ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഹരിച്ച് അതിവേഗതയിൽ ഒന്നാംതുരങ്കം തുറക്കാനാണ് ധാരണ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed