കൊടിക്കുന്നിൽ സുരേഷ് എം.പിയേയും പ്രവർത്തകരേയും പോലീസ് തടഞ്ഞു
പാലക്കാട് : മുക്കാലിയിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗസ്ഥലത്തേക്ക് ജാഥയായി എത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി.യേയും കോൺഗ്രസ് പ്രവർത്തകരേയും പോലീസ് തടഞ്ഞു. ഇന്നലെ 11 മണിയോടെയാണ് ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തകർക്കൊപ്പം എം.പി എത്തിയത്. മുക്കാലിയിലെത്തിയ ഇവർക്ക് പോലീസ് യോഗസ്ഥലത്തേക്കുള്ള പ്രവേശനം നിഷേധിച്ചു.
എം.പിയും പോലീസും തമ്മിൽ വാക്കേറ്റവും പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ, എം.പിയെ പോലീസ് തള്ളിയത് പ്രതിഷേധം ശക്തമാക്കി. എം.പിയെ തടയുന്നത് കുറ്റമാണെന്നും ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി. തുടർന്ന്, മുക്കാലിയിൽ പ്രവർത്തകർ പ്രതിഷേധയോഗം നടത്തി. ആദിവാസി യുവാവ് മധുവിന്റെ വീട്ടിലേക്കുള്ള മുഖ്യമന്ത്രിയുടെ വരവും തുടർന്നുനടന്ന യോഗവും പ്രഹസനമാണെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
മധുവിന്റെ മരണത്തിൽ പോലീസിന്റെ പങ്ക് അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. രാജൻ, എ. സലോമി, എം.ആർ സത്യൻ തുടങ്ങിയവർ സംസാരിച്ചു.

